ഒറ്റപ്പാലം: മരത്തിന്റെ ശിഖരങ്ങൾ മുറിക്കുന്നതിനിടെ യന്ത്രവാൾ ദേഹത്ത് തട്ടി തൊഴിലാളിക്ക് ദാരുണാന്ത്യം. അമ്പലപ്പാറ അംബേദ്കർ കോളനി റോഡ് കുറുപ്പത്ത് കുണ്ടിൽ ചന്ദ്രനാണ് (55) മരിച്ചത്. അമ്പലപ്പാറയിലെ അറവക്കാട്ടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തിങ്കളാഴ്ച ഉച്ചക്ക് 12.30 ഓടെയാണ് അപകടം.
വെട്ടിയിട്ട മരത്തിന്റെ ശിഖരങ്ങൾ മുറിച്ചുനീക്കുന്നതിനിടെ യന്ത്രവാൾ അബദ്ധത്തിൽ ദേഹത്ത് തട്ടുകയായിരുന്നു.
വയറിന്റെ വലതു വശത്ത് ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ ആദ്യം അമ്പലപ്പാറയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നേരത്തേ കൂലിപ്പണിക്കും മാങ്ങ പറിക്കാനുമായി പോയിരുന്ന ചന്ദ്രൻ കുറച്ചുകാലമായി മരപ്പണിയുമായി ബന്ധപ്പെട്ട ജോലികൾ ചെയ്തുവരുകയായിരുന്നു.
ഭാര്യ: ശ്രീദേവി (ആശ വർക്കർ). മക്കൾ: അഞ്ജു, അജിത്ത്. മരുമകൻ: പി. അനൂപ്.