വേലൂർ: ചുറ്റുമതിൽ ഇടിഞ്ഞ് കിണറ്റിൽ വീണ് വയോധിക മരിച്ചു. വെള്ളാറ്റഞ്ഞൂർ തയ്യൂർ പൊറത്തൂർ വീട്ടിൽ പരേതനായ വറതുണ്ണിയുടെ മകൾ ത്രേസ്യയാണ് (72) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. കിണറിന്റെ പരിസരത്ത് ജോലികൾ ചെയ്തുകൊണ്ടിരുന്ന വയോധികയെ കാണാതായതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് കിണറ്റിൽ വീണതായി കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് കുന്നംകുളത്തുനിന്ന് അഗ്നിരക്ഷാ സേനയെത്തി വയോധികയെ പുറത്തെടുത്ത് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. പണിക്കിടെ കിണറിന്റെ ചുറ്റുമതിലിന്റെ ഒരു ഭാഗം ഇടിഞ്ഞ് കിണറ്റിൽ വീണതാകാമെന്ന് കരുതുന്നു. ശരീരത്തിൽ മണ്ണിടിഞ്ഞതിന്റെ പരിക്കുകളുണ്ട്. എരുമപ്പെട്ടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അവിവാഹിതയാണ്. മാതാവ്: പരേതയായ അന്ന. സഹോദരങ്ങൾ: ദേവസ്സി, ജോസ്, ശോശന്നം, ജേക്കബ്, പരേതരായ മർഗ്ഗിലി, പൊറിഞ്ചുകുട്ടി, റോസ. സംസ്കാരം ഞായറാഴ്ച വെള്ളാറ്റഞ്ഞൂർ ഫാത്തിമ മാതാ പള്ളി സെമിത്തേരിയിൽ.