പത്തിരിപ്പാല: മങ്കര കുനിയമ്പാടം ശിവാനന്ദാശ്രമം മഠാധിപതി സ്വാമിഭജനാനന്ദ സരസ്വതി (83) അന്തരിച്ചു. വാർധക്യസഹജമായ രോഗത്തെ തുടർന്ന് വ്യാഴാഴ്ച വൈകീട്ട് നാലിനായിരുന്നു അന്ത്യം.
ചെറുപ്രായത്തിലേ ഋഷികേശ് ശിവാനന്ദ സരസ്വതി സ്വാമികളുടെ ശിഷ്യൻ ചിതാനന്ദ സരസ്വതിയിൽനിന്ന് സന്യാസിദീക്ഷ സ്വീകരിച്ചു. പിന്നീട് ദീർഘകാലം ഹിമാലയത്തിലെ പലയിടങ്ങളിലും തപസനുഷ്ഠിച്ചശേഷം പാലക്കാട് പുതുശ്ശേരി കേന്ദ്രീകരിച്ച് ആശ്രമം സ്ഥാപിച്ചു. 1996ലാണ് മങ്കര കുനിയമ്പാടത്ത് ശിവാനന്ദാശ്രമം സ്ഥാപിച്ചത്. ഈ ആശ്രമത്തിൽതന്നെ സ്വാമിജി സമാധിമണ്ഡപവും സ്ഥാപിച്ചിരുന്നു. വ്യാഴാഴ്ച രാത്രിയോടെ നടന്ന സമാധിചടങ്ങുകൾക്ക് ധർമസ്വരൂപാനന്ദസ്വാമി (ശ്രീരാമകൃഷ്ണാശ്രമം ഒറ്റപ്പാലം), സ്വരൂപാനന്ദ സരസ്വതി സ്വാമിജി (ശിവാനന്ദാശ്രമം പാലക്കാട്), സ്വാമി പ്രഭാകരാനന്ദ സരസ്വതി (അയ്യപ്പസേവാശ്രമം മങ്കര), മാതാജി വസന്താനന്ദ സരസ്വതി (അയ്യപ്പാശ്രമം മങ്കര), സ്വാമി ദേവാനന്ദപുരി (ശ്രീ ശങ്കര അദ്വൈതാശ്രമം വെട്ടിക്കാട്), കിഷോർ ശാന്തി മങ്കര, വിശ്വനാഥൻ മാങ്കുറുശ്ശി, പി.ടി. കൃഷ്ണനുണ്ണി എന്നിവർ നേതൃത്വം നൽകി.