കോഴിക്കോട്: നഗരത്തിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊടുവള്ളി വാരിക്കുഴിത്താഴം സ്വദേശി അരീക്കോട്ടുകാവ് കാപ്പുമ്മൽ മുഹമ്മദ് ഷാഫിയെയാണ് (27) മരിച്ച നിലയിൽ കണ്ടെത്തിയത്. ബീച്ച് ജനറൽ ആശുപത്രിയോട് ചേർന്നുള്ള വിമുക്തി കേന്ദ്രത്തിന് പിൻവശത്തെ ആളൊഴിഞ്ഞ ഭാഗത്ത് വെള്ളിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. യാത്രക്കാരാണ് പൊലീസിൽ വിവരമറിയിച്ചത്. വെള്ളയിൽ പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി. ലഹരി ഉപയോഗിച്ചാണോ മരണം എന്നതിലടക്കം സംശയമുണ്ടെന്നും ഇക്കാര്യത്തിൽ സ്ഥിരീകരണം ലഭിക്കണമെങ്കിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കണമെന്നും അന്വേഷണം നടത്തിവരുകയാണെന്നും വെള്ളയിൽ പൊലീസ് പറഞ്ഞു. പിതാവ്: സിദ്ദീഖ്. മാതാവ്: മുംതാസ്. സഹോദരൻ: ഷഫീഖ്.