കൊടുവള്ളി: കൊടുവള്ളിയിലും പരിസര പ്രദേശങ്ങളിലും കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കുവഹിച്ച കുനിമ്മൽ ടി.കെ. ചാത്തുക്കുട്ടി (77) നിര്യാതനായി. സി.പി.എമ്മിന്റെ ആദ്യകാല കൊടുവള്ളി ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ദീർഘകാലം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. കെ.എസ്.വൈ.എഫിന്റെ കുന്നമംഗലം താലൂക്ക് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. ലുധിയാനയിൽ നടന്ന ഡി.വൈ.എഫ്ഐ രൂപവത്കരണ സമ്മേളനത്തിൽ പ്രതിനിധിയായി പങ്കെടുത്ത അദ്ദേഹം കെ.എസ്.കെ.ടി.യു താമരശേരി ഏരിയ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചു. ജീരകപ്പാറ മിച്ചഭൂമി സമര സേനാനിയായിരുന്ന അദ്ദേഹം അടിയന്തരാവസ്ഥ കാലത്ത് ഒളിവിൽ പാർട്ടി പ്രവർത്തനം നടത്തിയിട്ടുണ്ട്. ഭാര്യ: നളിനി. മക്കൾ: സലീന, ടീബിൻ. മരുമക്കൾ: ബാലകൃഷ്ണൻ (മലയമ്മ), ശ്രീകാന്ത് (സി.പി.എം പഞ്ചവടി ബ്രാഞ്ച് അംഗം). സഹോദരൻ: പരേതനായ ചോയിക്കുട്ടി. പൊതുദർശനം വ്യാഴാഴ്ച രാവിലെ 9.30വരെ വീട്ടിലും 10ന് സി.പി.എം കൊടുവള്ളി ലോക്കൽ കമ്മിറ്റി ഓഫിസിലും. തുടർന്ന് മൃതദേഹം പഠനത്തിനായി കോഴിക്കോട് ഗവ. മെഡിക്കൽ കോളജിന് കൈമാറും.