വളാഞ്ചേരി: വട്ടപ്പാറ ക്വാറിയിൽ ഹൃദയാഘാതത്തെ തുടർന്ന് ഡ്രൈവർ മരിച്ച സംഭവത്തിൽ നിയന്ത്രണം വിട്ട ലോറിയിടിച്ച് പരിക്കേറ്റ യുവാവും മരിച്ചു. കൊളത്തോൾ ഊരോത്ത് മുണ്ടറംകുന്നത്ത് പരേതനായ പോക്കറിന്റെ മകൻ മൊയ്തീൻ കുട്ടിയാണ് (40) ചികിത്സയിലിരിക്കെ മരിച്ചത്.
വട്ടപ്പാറയിലെ ക്വാറിയില്‍ ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ലോറി താഴേക്ക് ഇറക്കുന്നതിനിടെയുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കല്ലൂർ അയങ്കലം സ്വദേശി കുഴികണ്ടത്തിൽ മുജീബ് റഹ്മാൻ (39)ശനിയാഴ്ച മരണപ്പെട്ടിരുന്നു. നിയന്ത്രണം വിട്ട ലോറിയിടിച്ച് മൊയ്തീൻകുട്ടിയടക്കം മൂന്ന് പേർക്കാണ് പരിക്കേറ്റത്. മറ്റൊരു ലോറിയിൽ ലോഡ് എടുക്കാൻ കാത്തുനിൽക്കവേയാണ് മൊയ്തീൻ കുട്ടി അപകടത്തിൽപെടുന്നത്. വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പരിക്ക് ഗുരുതരമായതിനാൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ച മൊയ്തീൻകുട്ടി ഞായറാഴ്ച രാത്രിയോടെയാണ് മരിച്ചത്.