എടവണ്ണ: അപൂർവ രോഗബാധിതനായി നാട്ടുകാരുടെ സഹായത്തോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന എടവണ്ണ മുണ്ടേങ്ങരയിലെ കുമ്മൻങ്ങാടൻ യാക്കൂബ് (42) നിര്യാതനായി. മരം പോളിഷ് ജീവനക്കാരനായിരുന്നു.
നാലുവർഷം മുമ്പാണ് മോട്ടോർ ന്യൂറോ ഡിസീസ് (എം.എൻ.ഡി) രോഗം സ്ഥിരീകരിച്ചത്. തോളെല്ലിന് വേദന അനുഭവപ്പെട്ടതോടെയാണ് വൈദ്യസഹായം തേടിയത്. ആദ്യം കോഴിക്കോട് മെഡിക്കൽ കോളജിലും പിന്നീട് ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലുമായിരുന്നു ചികിത്സ.
തലച്ചോറിനെയും നാഡികളെയും ബാധിക്കുന്ന അസാധാരണ രോഗാവസ്ഥയാണ് മോട്ടോർ ന്യൂറോൺ ഡിസീസ്. ഇത് കാലക്രമേണ വഷളാകുന്ന ബലഹീനതക്ക് കാരണമാകുകയാണ് ചെയ്യുന്നത്.
എം.എൻ.ഡിക്ക് കാര്യമായ ചികിത്സയില്ലെന്നും രോഗം ചെലുത്തുന്ന ആഘാതം കുറക്കാൻ സഹായിക്കുന്ന ചികിത്സ മാത്രമാണുള്ളതെന്നുമാണ് വിദഗ്ധ ഡോക്ടർമാർ അറിയിച്ചത്. നാലു വർഷമായപ്പോഴേക്കും യാക്കൂബ് തളർന്ന് കിടപ്പിലായി.
നാട്ടുകാരുടെയും വിവിധ സംഘടനകളുടെയും വ്യാപാരികളുടെയും പാലിയേറ്റിവിന്റെയും സഹായത്തോടെയായിരുന്നു ചികിത്സ.
ഭാര്യ: സെബീന. മക്കൾ: അദീബ്, ആദില, അദിനാൻ, അൻഹ. പിതാവ്: മുഹമ്മദ്. മാതാവ്: ആയിഷ. സഹോദരങ്ങൾ: അബ്ദുൽ മനാഫ്, ഹഫ്സത്ത്, നൂർജഹാൻ.