അഗളി: പുതുവത്സരത്തലേന്ന് പുതൂർ മേലെ മുള്ളിയിൽ നടന്ന വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ ആദിവാസി യുവാവ് തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചു. മേലെ മുള്ളി ഊരിലെ ശിവനാണ് (45) മരിച്ചത്. ഡിസംബർ 31ന് രാത്രി പത്തരയോടെയായിരുന്നു സംഭവം. മേലെ മുള്ളി ഊരിയെടുത്തുള്ള മൈതാനത്ത് റോഡരികിൽ വിശ്രമിക്കുകയായിരുന്ന ശിവന്റെ ദേഹത്തേക്ക് എതിരെ വന്ന ബൈക്ക് ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ കിക്കർ ശിവന്റെ വയറിലേക്ക് തുളഞ്ഞുകയറി. ഗുരുതര പരിക്കേറ്റ ശിവനെ നാട്ടുകാർ ആദ്യം കോട്ടത്തറ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജിലേക്കും വിദഗ്ധ ചികിത്സക്ക് കൊണ്ടുപോയി. ശിവന്റെ ഭാര്യ: വള്ളി.