തിരൂർ: പുതിയങ്ങാടി വലിയ നേർച്ചയുടെ സമാപനദിനത്തിൽ ജാറം മൈതാനിയിൽ ആനയിടഞ്ഞതിനെ തുടർന്ന് ഗുരുതര പരിക്കേറ്റയാൾ മരിച്ചു. തിരൂർ തെക്കുംമുറി സ്വദേശി പൊട്ട ചേലപ്പൊടി കൃഷ്ണൻകുട്ടിയാണ് (65) വെള്ളിയാഴ്ച രാവിലെ 11ഓടെ കോട്ടക്കലിലെ മിംസ് ആശുപത്രിയിൽ മരിച്ചത്. ബുധനാഴ്ച പുലർച്ച ഒന്നേ കാലോടെ ആനയിടഞ്ഞതിനെത്തുടർന്ന് കൃഷ്ണൻകുട്ടിയുൾപ്പെടെ 29 പേർക്കാണ് പരിക്കേറ്റിരുന്നത്. ഇടഞ്ഞ ശ്രീക്കുട്ടൻ എന്ന ആനയുടെ പാപ്പാന്മാർക്കെതിരെ തിരൂർ പൊലീസ് കേസെടുത്തിരുന്നു. തിരൂർ സി.ഐ കെ.ജെ. ജിനേഷിനാണ് അന്വേഷണ ചുമതല. കൃഷ്ണൻകുട്ടിയുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് ഏഴൂർ കുടുംബശ്മശാനത്തിൽ. ഭാര്യ: പ്രേമ. മക്കൾ: അഭിജിത്, അമൽ.