ചെറുതുരുത്തി: കിള്ളിമംഗലം പളുങ്ക് ശിവനാരായണ ക്ഷേത്രക്കുളത്തിൽ ഭർത്താവിനോടൊപ്പം കുളിക്കാൻ പോയ യുവതി മുങ്ങിമരിച്ചു. പാഞ്ഞാൾ പഞ്ചായത്തിലെ കിള്ളിമംഗലം സൊസൈറ്റിപടിക്കു സമീപം താമസിക്കുന്ന മദ്ദളകലാകാരൻ പൂക്കുളങ്ങര വീട്ടിൽ കണ്ണൻ എന്ന ഗിരീഷിന്റെ ഭാര്യ നമിത (25) ആണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് 4.30നാണ് സംഭവം. കുളിക്കുന്നതിനിടെ നമിത വെള്ളത്തിൽ അകപ്പെടുകയായിരുന്നു.
ഗിരീഷ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബഹളംവെച്ചതിനെ തുടർന്ന് നാട്ടുകാർ എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് നാട്ടുകാരും ചേലക്കര പൊലീസും വടക്കാഞ്ചേരി അഗ്നിരക്ഷാ ഉദ്യോഗസ്ഥരും നടത്തിയ തിരച്ചിലിൽ വൈകീട്ട് 6.20നാണ് മൃതദേഹം കണ്ടെത്തിയത്.