ലബനാൻ: മുതിർന്ന ഹിസ്ബുല്ല നേതാവ് ശൈഖ് മുഹമ്മദ് അലി ഹമാദി അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. കിഴക്കൻ ലബനാനിലെ ബക്കാ താഴ്വര മേഖലയിൽ വീടിന് സമീപത്തുവെച്ചാണ് വെടിയേറ്റതെന്ന് ലബനാൻ പത്രമായ അൽ അക്ബർ റിപ്പോർട്ട് ചെയ്തു. ആറുതവണ വെടിയേറ്റ ഹമാദിയെ ഗുരുതര പരിക്കുകളോടെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
പടിഞ്ഞാറൻ മേഖലയായ അൽ ബക്കായിൽ ഹിസ്ബുല്ലയുടെ കമാൻഡറായിരുന്നു ഹമാദി. രണ്ട് വാഹനങ്ങളിലെത്തിയവരാണ് നിറയൊഴിച്ചതെന്നാണ് സൂചന. സംഭവത്തിൽ ലബനാൻ അധികൃതർ അന്വേഷണം ആരംഭിച്ചതായാണ് വിവരം. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. യു.എസ് അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ തിരയുന്നയാളാണ് ഹമാദി. 153 യാത്രക്കാരും ജീവനക്കാരുമായി ആഥൻസിൽ നിന്ന് റോമിലേക്ക് പോകുകയായിരുന്ന ലുഫ്താൻസ വിമാനം തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടർന്നാണ് ഹമാദി എഫ്.ബി.ഐയുടെ പിടികിട്ടാ
പ്പുള്ളിയായത്. ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള 60 ദിവസത്തെ വെടിനിർത്തൽ കരാർ അവസാനിക്കുന്നതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേയാണ് ഹമാദി കൊല്ലപ്പെടുന്നത്.
ജനുവരി 26നകം തെക്കൻ ലബനാനിൽ നിന്ന് ഇസ്രായേൽ സൈന്യത്തെ പിൻവലിക്കണമെന്നും ഹിസ്ബുല്ല ഇസ്രായേൽ അതിർത്തിയിൽനിന്ന് ലിതാനി നദിയുടെ വടക്കൻ ദിശയിലേക്ക് പിൻവാങ്ങണമെന്നുമാണ് കരാർ. ഇസ്രായേൽ ആക്രമണങ്ങളിൽ 3,700 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.