പറളി: തേനൂർ അയ്യർമലയിൽ സ്വാഭാവിക മരണമെന്ന് കരുതി വൃദ്ധയുടെ മൃതദേഹം സംസ്കരിക്കാനൊരുങ്ങുന്നതിനിടെ സംശയത്തിന്റെ പേരിൽ പൊലീസ് നിർദേശപ്രകാരം ജില്ല ആശുപത്രിയിലെത്തിച്ച് പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ ആസിഡ് ഉള്ളിൽ ചെന്നാണ് മരിച്ചതെന്ന് തെളിഞ്ഞു. പറളി തേനൂർ അയ്യർമല മലമ്പള്ള കണ്ടുമാരി വീട്ടിൽ മാധവന്റെ ഭാര്യ സരോജിനിയെയാണ് (77) ചൊവ്വാഴ്ച രാവിലെ തറവാട്ട് വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. സരോജിനിയും ഭർത്താവ് മാധവനും ഇളയ മകൻ ഉണ്ണിദാസൻ പുതുതായി നിർമിച്ച വീട്ടിൽ ആയിരുന്നു സാധാരണ താമസിച്ചുവന്നിരുന്നത്. തിങ്കളാഴ്ച രാത്രി ഒമ്പതു മണിയോടുകൂടി ഉണ്ണിദാസന്റെ വീട്ടിൽനിന്ന് ഭക്ഷണം കഴിച്ച് സരോജിനി തൊട്ടടുത്തുള്ള തറവാട്ട് വീട്ടിലേക്ക് ഉറങ്ങാൻ പോയി എന്നും ചൊവ്വാഴ്ച രാവിലെ എട്ടോടെ ഭർത്താവ് മാധവൻ പോയി നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നതായി കണ്ടതെന്നും പറഞ്ഞു. സ്വാഭാവിക മരണമെന്ന് കണക്കാക്കി സംസ്കാരത്തിനുള്ള ഏർപ്പാടുകൾ ചെയ്തുകൊണ്ടിരിക്കെ മങ്കര പൊലീസെത്തി മരണത്തിൽ സംശയമുള്ളതായി ചിലർ അറിയിച്ചിട്ടുണ്ടെന്നും പോസ്റ്റ്മോർട്ടം നടത്തണമെന്നും ആവശ്യപ്പെട്ടതനുസരിച്ച് ജില്ല ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച രാവിലെ നടന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് റബർ ഷീറ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന ആസിഡ് കുടിച്ചതായി തെളിഞ്ഞത്. സരോജിനി വൃക്ക രോഗത്തിന് ചികിത്സയിലാണെന്ന് വീട്ടുകാർ പറഞ്ഞതായി മങ്കര പൊലീസ് പറഞ്ഞു. മക്കൾ: ഹരിദാസൻ, കൃഷ്ണദാസൻ, ഉണ്ണിദാസൻ, ജലജ, കൃഷ്ണകുമാരി. മരുമക്കൾ: പുരുഷോത്തമൻ, ശിവാനന്ദൻ, സുമ, വിജയകുമാരി, സുമ.