മദീന/പുലാപ്പറ്റ: ഉംറ തീർഥാടകയായ പാലക്കാട് സ്വദേശിനി മക്കയിൽനിന്ന് മദീനയിലേക്കുള്ള യാത്രക്കിടെ ബദ്റിൽ നിര്യാതയായി. സ്വകാര്യ ഗ്രൂപ്പിൽ കുടുംബത്തോടൊപ്പം ഉംറ നിർവഹിക്കാനെത്തിയ പുലാപ്പറ്റക്കടുത്ത് കോണിക്കഴി സ്വദേശിനി കോണിക്കഴി വീട്ടിൽ ആമിനയാണ് (57) മരിച്ചത്. ഉംറ നിർവഹിച്ച് പത്ത് ദിവസത്തോളം മക്കയിൽ താമസിച്ച് മദീന സന്ദർശനത്തിനായി പോകുന്നതിനിടെ ബസിൽ വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ബദ്ർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെ ചൊവ്വാഴ്ച രാത്രി 7.30നായിരുന്നു മരണം. ഭർത്താവ് കമ്മുക്കുട്ടി കോണിക്കഴി യാത്രയിൽ കൂടെയുണ്ട്. പിതാവ്: മൊയ്തീൻ കുട്ടി എടക്കാട്ട് കലം. മാതാവ്: സാറ. മക്കൾ: ഇബ്റാഹീം (അബൂദബി), നസീമ, ഹസീന, മരുമക്കൾ: ആബിദ, സൈതലവി (മണ്ണാർക്കാട്), നൗഷാദ് (കഞ്ചിക്കോട്). ബദ്ർ ആശുപത്രിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി ബദ്റിലെ ഇബ്നു അബ്ദുൽ വഹാബ് മസ്ജിദ് മഖ്ബറയിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ബദ്റിലെയും മദീനയിലെയും കെ.എം.സി.സി സന്നദ്ധപ്രവർത്തകർ നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.