കുഴൽമന്ദം: കുളവൻമൊക്കിൽ ബൈക്കിടിച്ച് വിദ്യാർഥിനി മരിച്ചു. സഹോദരൻ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. കുളവൻമൊക്ക് പടിഞ്ഞാറെ മണ്ഡപംകുടം വീട്ടിൽ വിനോദ്-സജിത ദമ്പതികളുടെ മകൾ സനുഷ (8) ആണ് മരിച്ചത്.
സഹോദരൻ വിഗ്നേഷ് (11), ചെറിയമ്മ സജിനി (22) എന്നിവരെ ഗുരുതര പരിക്കോടെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് 4.30ന് കുളവൻമുക്ക് നിള സ്റ്റോറിന് മുന്നിലാണ് അപകടം.
കുഴൽമന്ദം ഗവ. ഹൈസ്കൂളിലെ ആറ്, മൂന്ന് ക്ലാസുകളിലെ വിദ്യാർഥികളാണ് വിഗ്നേഷും സനുഷയും. സ്കൂളിൽനിന്ന് അമ്മയുടെ സഹോദരി സജിനിയോടൊപ്പം വീട്ടിലേക്ക് വരുകയായിരുന്നു ഇവർ.
കുഴൽമന്ദത്തുനിന്ന് കുളവന്മൊക്കിലേക്ക് അമിതവേഗത്തിൽ വരുകയായിരുന്ന ബൈക്ക് മൂന്നുപേരെയും ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാത്രിയോടെയാണ് സനുഷ മരിച്ചത്.
വിഘ്നേഷിന്റെ നില ഗുരുതരമാണ്. പിതാവ് തിരുവനന്തപുരത്തും മാതാവ് തൃശൂരും ജോലിക്കു പോകുന്നതിനാൽ ഈ കുട്ടികൾ അമ്മ വീടായ ഇവിടെ മുത്തച്ഛൻ ശെൽവന്റെ കൂടെയാണ് താമസം.
വിനോദിന്റെ വീട് പാലക്കാട് കല്ലേപ്പുള്ളി കുഴിക്കാട്ടാണ്. ഇവരുടെ രണ്ടാമത്തെ കുട്ടിയാണ് മരിച്ച സനുഷ. കുഴൽമന്ദം പൊലീസ് കേസെടുത്തു.