ഇരിങ്ങാലക്കുട: മുരിയാട് റോഡിലെ വല്ലക്കുന്ന് ചിറയിൽ വല്ലക്കുന്ന് സ്വദേശിയെ മരിച്ചനിലയിൽ കണ്ടെത്തി. സി.പി.എം വല്ലക്കുന്ന് ബ്രാഞ്ച് അംഗം ആളൂർ കോക്കാട്ട് വീട്ടിൽ കോളിൻസാണ് (51) മരിച്ചത്. മുതിർന്ന സി.പി.എം നേതാവും ആളൂർ പഞ്ചായത്ത് മുൻ പ്രസിഡൻറുമായ പോൾ കോക്കാട്ടിന്റെയും ജില്ല പഞ്ചായത്ത് മുൻ അംഗം കാതറിൻ പോളിന്റെയും മകനാണ്. ഞായറാഴ്ച രാത്രി വീട്ടിൽനിന്ന് പെട്രോൾ അടിക്കാൻ സ്കൂട്ടറിൽ പുറപ്പെട്ട കോളിൻസ് തിരിച്ചെത്താത്തതിനെ തുടർന്ന് ആളൂർ പൊലീസിൽ വിവരം അറിയിച്ചിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ചിറയിൽ മൃതദേഹം കണ്ടെത്തിയത്. സ്കൂട്ടറും ചിറയിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്. ആളൂർ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: ജിത. മകൾ: ദിയ.