കല്ലടിക്കോട്: ലോറി സ്കൂട്ടറിലിടിച്ച് വിദ്യാർഥി മരിച്ചു. സ്കൂട്ടർ യാത്രക്കാരനായ മുണ്ടൂർ എഴക്കാട് ആലങ്ങാട് രമേഷിന്റെ മകൻ അഭിജിത്താണ് (20) മരിച്ചത്. ഒപ്പമുണ്ടായിരുന്ന എഴക്കാട് കുന്നപ്പുള്ളിക്കാവ് ജിതിൻ (16) പാതവക്കിലേക്ക് തെറിച്ചുവീണതിനാൽ പരിക്കുകളോടെ രക്ഷപ്പെട്ടു. ജിതിനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ ഇടക്കുർശ്ശിക്കു സമീപം മാച്ചാംതോട് ഭാഗത്ത് ചൊവ്വാഴ്ച അർധരാത്രി 12 മണിയോടെയാണ് സംഭവം. അഭിജിത്തും സുഹൃത്ത് ജിതിനുംകൂടി കല്ലടിക്കോട് ഭാഗത്ത് ഉത്സവം കണ്ട് വീട്ടിലേക്ക് മടങ്ങിവരുംവഴി അതേ ദിശയിൽനിന്നു വന്ന ലോറി സ്കൂട്ടറിനെ മറി കടക്കവേ ഇടിക്കുകയായിരുന്നു.
ലോറിക്കടിയിലേക്കു വീണ അഭിജിത്തിന്റെ ദേഹത്തുകൂടി ചക്രങ്ങൾ കയറിയിറങ്ങി. സാരമായി പരിക്കേറ്റ യുവാവിനെ പാലക്കാട് ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മലമ്പുഴ ഐ.ടി.ഐ വിദ്യാർഥിയാണ് മരിച്ച അഭിജിത്ത്. പിതാവ് രമേഷ് ഗൾഫിലാണ്. മാതാവ്: രാധിക. സഹോദരി: അഭിനയ (ആറാം ക്ലാസ് വിദ്യാർഥി). മൃതദേഹം ജില്ല ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറി. സംസ്കാരം വ്യാഴാഴ്ച.