തിരുവില്വാമല: ബന്ധുവിന്റെ സംസ്കാര ചടങ്ങിനെത്തിയ തമിഴ്നാട് സ്വദേശി ഭാരതപ്പുഴയിൽ മുങ്ങിമരിച്ചു. ചെന്നൈ ചൂളൈമേട് അബ്ദുല്ല സ്ട്രീറ്റിലെ കെ. രാമനാഥനാണ് (53) മരിച്ചത്. സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റാണ്. ബന്ധുവായ ആലത്തൂര്‍ പാടൂര്‍ കഴനി പുത്തന്‍ഗ്രാമം എം. മുത്തുലക്ഷ്മിയുടെ (88) സംസ്കാര ചടങ്ങിനായെത്തിയതായിരുന്നു. ബുധനാഴ്ച പകല്‍ മൂന്നോടെയാണ് പാമ്പാടി പൊതു ശ്മശാനത്തിൽ മുത്തുലക്ഷ്മിയുടെ സംസ്കാര ചടങ്ങുകള്‍ക്കായി എത്തിയത്. ചിത കത്തിച്ചശേഷം മുങ്ങിക്കുളിക്കാൻ ഭാരതപ്പുഴയിലെ ഐവര്‍മഠം കടവില്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
ഐവര്‍മഠത്തിലെ ജീവനക്കാര്‍ തിരഞ്ഞെങ്കിലും കണ്ടുകിട്ടിയില്ല. ആലത്തൂരില്‍നിന്നെത്തിയ അഗ്നിശമനസേനാംഗങ്ങളാണ് മൃതദേഹം കരക്കെത്തിച്ചത്. ഭാര്യ: ജയലക്ഷ്മി. മകള്‍: ശ്രീകൃഷ്ണ പ്രീത. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ.