കൽപകഞ്ചേരി: വൈലത്തൂർ കാവപ്പുരയിൽ മാതാവിനെ മകൻ കൊലപ്പെടുത്തി. നന്നാട്ട് അബുവിന്റെ ഭാര്യ ആമിനയാണ് (62) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ ഏഴിനാണ് സംഭവം. മകനെ കൽപകഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തു.
30 വയസ്സുള്ള ഇയാൾ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ നടത്തുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. പിതാവ് പുറത്തുപോയ സമയത്തായിരുന്നു കൊലപാതകം. അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന ആമിനയെ മകൻ ആദ്യം പിറകിൽനിന്ന് കത്തികൊണ്ട് കുത്തിവീഴ്ത്തി.
ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തി ആശുപത്രിയിൽ കൊണ്ടുപോകാൻ വാഹനമെടുക്കാൻ പോയ സമയത്ത് വീണ്ടും അടുക്കളയിലേക്കെത്തി ഗ്യാസ് സിലിണ്ടർ കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ദീർഘകാലം പ്രവാസിയായിരുന്ന മകൻ അവിവാഹിതനാണ്. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച് വീട്ടിൽ ബഹളമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. താനൂർ ഡിവൈ.എസ്.പി ഫയസ് ജോർജ്, കൽപകഞ്ചേരി സി.ഐ സലീം എന്നിവർ സ്ഥലത്തെത്തി.
ആമിനയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം ശേഷം കാവപ്പുര ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മറ്റു മക്കൾ: ഉമ്മു സൽമ, ഷാജി, സുമയ്യ.