കോഴിക്കോട്: വെട്ടത്ത് ഉണ്ണികൃഷ്ണൻ ഏറാടി (92) നിര്യാതനായി. കേന്ദ്ര ധനമന്ത്രാലയത്തിൽ ഇക്കണോമിക്സ് അഫയേഴ്സ് ഡിപ്പാർട്ട്മെന്റിൽ അണ്ടർ സെക്രട്ടറിയായും ഡെപ്യൂട്ടി സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിരുന്നു. യു.കെ, വെസ്റ്റ് ജർമനി, ഫ്രാൻസ് തുടങ്ങി വിവിധ രാജ്യങ്ങളുമായി ഇന്ത്യയുടെ ഉഭയകക്ഷി വ്യാപാരം, ധനകാര്യം എന്നീ വിഷയങ്ങൾ കൈകാര്യം ചെയ്തു.
ഇന്റർനാഷനൽ ടാക്സേഷന്റെ മേധാവിയായും വികസിത രാജ്യങ്ങളും വികസ്വര രാജ്യങ്ങളും തമ്മിൽ നികുതി ഉടമ്പടികൾ രൂപവത്കരിക്കാനുള്ള ഐക്യരാഷ്ട്ര സഭയുടെ താൽക്കാലിക ഗ്രൂപ്പിൽ അംഗമായും പ്രവർത്തിച്ചിരുന്നു. കോഴിക്കോട് ചിന്മയ മിഷൻ പ്രസിഡന്റ്, ഭാരതീയ വിദ്യാഭവൻ കോഴിക്കോട് കേന്ദ്രം വൈസ് പ്രസിഡന്റ്, കോമൺവെൽത്ത് നേത്ര സംരക്ഷണ കേന്ദ്രത്തിന്റെ ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചു. സാമന്ത സമാജം കോഴിക്കോട് യൂനിറ്റിന്റെ ആജീവനാന്ത അംഗവും മുതിർന്ന രക്ഷാധികാരിയുമായിരുന്നു. ഭാര്യ: പരേതയായ ചന്ദ്ര. മക്കൾ: ഡോ. ബാലഗോപാൽ ഏറാടി, അപർണ രാജേഷ്. മരുമക്കൾ: നമിത, രാജേഷ്.