ആനക്കര: സാഹിത്യകാരനും ഗ്രന്ഥശാല പ്രവർത്തകനുമായ എം. ശിവശങ്കരന് (81) പെരിങ്ങോട് ‘തണല്‍’ വസതിയില്‍ നിര്യാതനായി. ഞായറാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. തവനൂര്‍, എടപ്പാള്‍, കുമരനെല്ലൂര്‍, ചാത്തനൂര്‍, വട്ടേനാട് തുടങ്ങിയ സര്‍ക്കാര്‍ സ്കൂളുകളില്‍ ഭാഷാധ്യാപകനായിരുന്നു. വട്ടേനാട് ഗവ. സ്കൂളില്‍ നിന്നാണ് വിരമിച്ചത്. പെരിങ്ങോട് യൂത്ത് ലൈബ്രറി പ്രസിഡന്റ്, പട്ടാമ്പി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം, ഞാങ്ങാട്ടിരി യുവ കാഹളം ആര്‍ട്സ് ക്ലബിന്റെയും ജനകീയ വായനശാലയുടേയും പ്രവര്ത്തകന് തുടങ്ങി വിവിധ മേഖലകളില്‍ സജീവമായിരുന്ന ശിവശങ്കരൻ സംഗീതജ്ഞന്, കഥാപ്രാസംഗികന്, നാടന്‍ കലാഗവേഷകന്‍, ഗ്രന്ഥകാരന് തുടങ്ങിയ രംഗങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. നാടന്‍ പാട്ടുകള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ച വള്ളുവനാട്ടിലെ നാടന്‍ പാട്ടുകള്‍ എന്ന പുസ്തകത്തിന് മികച്ച ഗവേഷക കൃതിക്കുള്ള കേരള ഫോക്ക്ലോര്‍ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്. കുട്ടികള്‍ക്ക് കുറേ നാടന്‍ പാട്ടുകള്‍ എന്ന പേരില്‍ മറ്റൊരു ഗ്രന്ഥവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കേരള ഫോക്ക്ലോര്‍ അക്കാദമിയില്‍ എക്സിക്യൂട്ടിവ് അംഗമായും അഞ്ചു വര്‍ഷം സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഭാര്യ: പത്മാവതി (റിട്ട. അധ്യാപിക). മക്കള്‍: ജയന് ശിവശങ്കരന് (സോഫ്റ്റ് വെയര്‍ എൻജിനീയര്‍, കാലിഫോര്‍ണിയ), ഡോ. അനൂപ് ശിവശങ്കരന് (പ്രഫ. കലീഫ ഇന്റര്‍നാഷനല്‍ യൂനിവേഴ്സിറ്റി, അബൂദബി). സംസ്കാരം തിങ്കളാഴ്ച.