തൃത്താല: നിയന്ത്രണംവിട്ട കാർ ബസിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവതി മരിച്ചു. കുമ്പിടി പെരുമ്പലം പള്ളിപ്പടി പുളിക്കൽ വീട്ടിൽ അബ്ബാസിന്റെ ഭാര്യ റഹീന (38) ആണ് മരിച്ചത്. അപകടത്തെ തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്കും തുടർന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും യുവതിയെ മാറ്റിയിരുന്നു. അപകടം സംഭവിച്ചതു മുതൽ റഹീന അബോധാവസ്ഥയിലായിരുന്നു. ഫെബ്രുവരി 23ന് രാവിലെ ആറരയോടെയാണ് കുടുംബസമേതം സഞ്ചരിച്ച കാർ തൃത്താല സെന്ററിൽ നിയന്ത്രണം വിട്ട് ബസിലിടിച്ചത്. കുട്ടികളടക്കം ഏഴുപേർ ഉണ്ടായിരുന്ന വാഹനത്തിൽ റഹീനയുടെ ഒന്നര വയസ്സുള്ള മകൻ ഹൈസിൻ അപകടസ്ഥലത്തുതന്നെ മരിച്ചിരുന്നു. പട്ടാമ്പി ഗ്രീൻ പാർക്കിൽ താമസിക്കുന്ന താഴത്തേതിൽ ഹനീഫ-റംല ദമ്പതികളുടെ മകളാണ് റഹീന. കാർ ഓടിച്ചിരുന്ന പട്ടാമ്പി ഗ്രീൻ പാർക്കിൽ താഴത്തേതിൽ ഫായിസിന് (26) എതിരെ അശ്രദ്ധമായി വാഹനമോടിച്ച് മരണത്തിന് കാരണമായതിന് തൃത്താല പൊലീസ് കേസെടുത്തിരുന്നു.