പാലക്കാട്: ശ്രീകൃഷ്ണപുരം പരിയാനമ്പറ്റയിൽ ഉത്സവത്തിനിടെ ആനയിടഞ്ഞതിനെ തുടർന്നുണ്ടായ ആൾക്കൂട്ട തിരക്കിനിടയിൽ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കഞ്ചിക്കോട് പ്രീകോട്ട് കോളനിയിൽ സേതുമാധവൻ (70) ആണ് മരിച്ചത്.
പരിയാനമ്പറ്റ സ്വദേശിയായ സേതുമാധവൻ വർഷങ്ങളായി കഞ്ചിക്കോട്ടാണ് താമസം. ബന്ധുക്കൾക്കൊപ്പം ഉത്സവം കാണാൻ പോയതായിരുന്നു. കഞ്ചിക്കോട് സ്വകാര്യ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ്. അന്ന് ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ ചെറായ കൊടുങ്ങതൊടി ദേവദാസ് (23) ചികിത്സയിലാണ്. പടിഞ്ഞാറൻപുരം ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ എത്തിയപ്പോൾ ഗുരുവായൂർ ദേവസ്വത്തിന്റെ ബൽറാം എന്ന ആനയാണ് ഇടഞ്ഞത്.
പരിഭ്രാന്തിയിൽ ആളുകൾ ചിതറിയോടുന്നതിനിടെയുണ്ടായ തിരക്കിനിടയിൽപെട്ട് വീണാണ് സേതുമാധവന് പരിക്കേറ്റത്. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.