എരുമപ്പെട്ടി: വീട്ടിലെ കിണർ വൃത്തിയാക്കാൻ ഇറങ്ങിയ ഗൃഹനാഥൻ ശ്വാസം കിട്ടാതെ മരിച്ചു. കരിയന്നൂർ ഐനിക്കുന്നത്ത് വീട്ടിൽ അബ്ദുല്ലയാണ് (63) മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലിനാണ് സംഭവം.
കിണറ്റിൽനിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് വൃത്തിയാക്കാൻ ഇറങ്ങിയതായിരുന്നു. കയറിൽ തൂങ്ങി ഇറങ്ങിയപ്പോഴേക്കും ശ്വാസതടസ്സം അനുഭവപ്പെട്ട് അബ്ദുല്ല ഒമ്പതു മീറ്ററോളം ആഴമുള്ള കിണറിലേക്കു വീണു. കുന്നംകുളത്തുനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് ഇദ്ദേഹത്തെ പുറത്തെടുത്തത്. മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
ഭാര്യ: ഫാത്തിമ. മക്കള്‍: റഫീക്ക്, റഷീദ്, റസീന. മരുമക്കള്‍: റെയ്സുദ്ദീന്‍, ഫിദ, റമീസ.