എരുമപ്പെട്ടി: വാഹനാപകടത്തിൽ ചികിത്സയിലിരുന്ന യുവാവ് മരിച്ചു. തിപ്പല്ലൂർ തിപ്പല്ലൂർ വീട്ടിൽ ജനാർദനന്റെ (കുട്ടപ്പൻ) മകൻ ജിജിൻ ലാലാണ് (25) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 5.20ന് കടങ്ങോട് കാദർപടിയിലാണ് അപകടമുണ്ടായത്.
മലപ്പുറം തിരൂരിൽ വിദേശത്ത് പോകാനുള്ള മെഡിക്കൽ ടെസ്റ്റ് കഴിഞ്ഞ് കൂട്ടുകാരൻ വൈശാഖിനൊപ്പം (25) ബൈക്കിൽ മടങ്ങവേ വീടിന് ഒരു കിലോമീറ്റർ മുമ്പാണ് അപകടത്തിൽപെട്ടത്. എരുമപ്പെട്ടിയിൽനിന്നു കടങ്ങോട് ഭാഗത്തേക്കു പോവുകയായിരുന്ന ബസിനെ മറികടന്നെത്തിയ കാർ എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ജിജിൻ ലാൽ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. ഒപ്പം സഞ്ചരിച്ച വൈശാഖും പരിക്കേറ്റ് ചികിത്സയിലാണ്. ജിജിൻ ലാലിന്റെ മാതാവ്: ബീന. സഹോദരങ്ങൾ: ജിബിൻ ലാൽ, ജിതിൻ ലാൽ.