സിദ്ധാപുരം: കുടക് മലയാളികൾക്ക് മാതൃഭാഷയിൽ വിദ്യാഭ്യാസം നേടാൻ അവസരമൊരുക്കിയ സി.പി. ചാക്കോ മാഷ് (91) നിര്യാതനായി. 1958ൽ കുടകിലേക്ക് കുടിയേറിയ കുടുംബങ്ങളിലെ കുട്ടികൾക്ക് മലയാളത്തിൽ വിദ്യാഭ്യാസം നേടാൻ അവസരമുണ്ടാക്കി. ആയിരക്കണക്കിന് പേർക്ക് അറിവിന്റെ ബാലപാഠം പകർന്നു. സി.പി. ചാക്കോയുടെ ഇടപെടലിനെ തുടർന്നാണ് സിദ്ധാപുരത്ത് ഗവ. പ്രൈമറി സ്കൂൾ തുടങ്ങിയത്. തുടക്കം മുതൽ 1992 വരെ പ്രഥമാധ്യാപകനായിരുന്നു. കുടകിലെ മലയാളികൾ, കേരളസമാജം, എസ്.എൻ.ഡി.പി എന്നിവയുടെയും വ്യാപാരിയായ മജീദ് ഹാജിയുടെയും സഹകരണത്തോടെയാണ് സർക്കാർ മലയാളം സ്കൂൾ തുടങ്ങിയത്. എറണാകുളം കോതമംഗലം സ്വദേശികളായ സി.സി. പൈലി -ഏലിയാമ്മ ദമ്പതികളുടെ മകനാണ്. 1950ൽ മാതാപിതാക്കൾക്കൊപ്പം കുടകിലേക്ക് കുടിയേറിയ സി.പി. ചാക്കോ സിദ്ധാപുരം -നെല്യാഹുദികേരിക്കാരുടെ പ്രിയപ്പെട്ട ചാക്കോ മാഷായി അറിയപ്പെട്ടു. ഭാര്യ: മറിയാമ്മ (റിട്ട. അധ്യാപിക). മക്കൾ: ഡെയ്സി, സവിത (നൈജീരിയ). മരുമക്കൾ: പരേതനായ ബിജു, വിൽസൺ (നൈജീരിയ). ശനിയാഴ്ച പഴയ സിദ്ധാപുർ എം.ഇ റെസിഡൻറ്സ്, നെല്ലിയഹൂദികേരി ഈഡൻ ഹൗസ് എന്നിവിടങ്ങളിൽ പൊതുദർശനത്തിന് ശേഷം സംസ്കാരം മുല്ലതോട് സൈന്റ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.