പട്ടാമ്പി: വെസ്റ്റ് കൈപ്പുറത്ത് ടിപ്പർ ലോറി ഇടിച്ച് വയോധികൻ മരിച്ചു. വെസ്റ്റ് കൈപ്പുറം പണിക്കവീട്ടിൽ ഇബ്രാഹിം (65) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. കൊപ്പം ഭാഗത്തുനിന്ന് വരുകയായിരുന്ന ലോറി അതേ ദിശയിൽ റോഡരികിലൂടെ നടക്കുകയായിരുന്ന ഇബ്രാഹീമിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലക്കും കാലുകൾക്കും ഗുരുതര പരിക്കേറ്റ ഇയാളെ ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഭാര്യ: ഫാത്തിമ.
മക്കൾ: ഫൗസിയ, ആയിഷ, നൗഷത്ത്, സുഹ്റ, സുബൈദ, മുഹമ്മദാലി. മരുമക്കൾ: മജീദ് നെടുങ്ങോട്ടൂർ, ഹനീഫ ആതവനാട്, അഫ്സൽ വളാഞ്ചേരി, സൈനുദ്ദീൻ ചെമ്മലശ്ശേരി, സബിത. പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം രാത്രിയോടെ കൈപ്പുറം നൂറാനിയ്യ മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കി.