ഒറ്റപ്പാലം: പാലപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പാലപ്പുറം കൈപ്പറ്റ വീട്ടിൽ പ്രകാശനാണ് (32) മരിച്ചത്. ഒപ്പം യാത്രചെയ്തിരുന്ന പാലപ്പുറം സ്വദേശി ഉണ്ണികൃഷ്ണന് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ പാലപ്പുറം എൻ.എസ്.എസ് കോളജിന് സമീപമാണ് അപകടം. പാലക്കാട് ഭാഗത്തുനിന്ന് വരുകയായിരുന്ന കാറും എതിരെവന്ന ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ പ്രകാശനെ ആദ്യം കണ്ണിയംപുറത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തൃശൂരിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സാരമായി പരിക്കേറ്റ ഉണ്ണികൃഷ്ണൻ തൃശൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രകാശന്റെ ഭാര്യ: സുജിഷ. മക്കൾ: അക്ഷയ്, അലംകൃത.