ആലത്തൂർ: കേരള ഹൈകോടതി റിട്ട. ജസ്റ്റിസ് ചിറ്റിലഞ്ചേരി നെല്ലിയാമ്പാടം ശ്രീരാമില് എം.എന്‍. കൃഷ്ണന് (75) നിര്യാതനായി. മേലാര്‍കോട് എം.എസ്. നരസിംഹയ്യരുടെയും പാലക്കാട് നൂറണി എന്‍.വി. രാജമ്മയുടെയും മകനായി 1949 ഒക്ടോബര്‍ 30നാണ് ജനനം. ചിറ്റിലഞ്ചേരി എം.എൻ.കെ.എം ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് 1964ൽ എസ്.എസ്.എൽ.സിയും 1967ൽ തൃശൂർ സെന്റ് തോമസ് കോളജിൽ പ്രീഡിഗ്രിയും നേടി. കോഴിക്കോട് ലോ കോളജിൽ നിയമപഠനം പൂർത്തിയാക്കിയശേഷം 1973 മുതൽ 1982 വരെ ആലത്തൂരിൽ അഭിഭാഷകനായിരുന്നു. മുൻസിഫ് ടെസ്റ്റിൽ ഒന്നാം റാങ്കോടെ വിജയം നേടിയ എം.എൻ. കൃഷ്ണൻ, 1982ല്‍ പരപ്പനങ്ങാടി മുന്സിഫായിട്ടായിരുന്നു ജോലിയിൽ പ്രവേശിച്ചത്.
പട്ടാമ്പിയില്‍ മുന്‍സിഫ് മജിസ്ട്രേറ്റ്, വടകര അഡീഷനല്‍ സബ് ജഡ്ജി, തൃശൂര്‍ പ്രിന്‍സിപ്പല്‍ സബ് ജഡ്ജി എന്നിങ്ങനെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1990ല്‍ ആലപ്പുഴ എം.എ.സി.ടി കോടതിയില്‍ ജില്ല ജഡ്ജിയായി. 1993 മുതല്‍ 1996 വരെ പാലക്കാട് അഡീഷനല്‍ ജില്ല ജഡ്ജിയായിരുന്നു. 1996 മുതല്‍ 2003 വരെ കേരള ഹൈകോടതി രജിസ്ട്രാറായി. 2003 ജൂലൈ മുതല്‍ 2004 ഒക്ടോബര്‍ വരെ കോഴിക്കോട് പ്രിന്‍സിപ്പല്‍ ഡിസ്ട്രിക്ട് ആൻഡ് സെഷന്‍സ് ജഡ്ജായി. 2004 ഒക്ടോബര്‍ 28ന് കേരള ഹൈകോടതി ജഡ്ജിയായി ചുമതലയേറ്റ അദ്ദേഹം 2011ല്‍ വിരമിച്ചു.
2011 ഏപ്രില്‍ മുതല്‍ 2014 വരെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്സ്മാനായി പ്രവർത്തിച്ചു. ഇതേ കാലത്ത് പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്തുക്കളുടെ കണക്കെടുക്കല്‍ കമ്മിറ്റിയുടെ മേല്‍നോട്ടച്ചുമതലയും വഹിച്ചിരുന്നു. ഭാര്യ: എസ്.എ. ശാരദാംബാള്‍. മക്കൾ: എം.കെ. ഗണേശ് (അഡീഷനല്‍ ഡിസ്ട്രിക്ട് ജഡ്ജി, എറണാകുളം), സുവാസിനി. മരുമക്കള്‍: രേഖ ഗണേശ്, ഗണേശ് മഹാദേവന്. സഹോദരങ്ങള്‍: എം.എന്‍. ബാലസുബ്രഹ്മണ്യന് (മാനേജര്‍, എം.എൻ.കെ.എം ഹയര്‍ സെക്കൻഡറി സ്കൂള്‍, ചിറ്റിലഞ്ചേരി), വിശാലം. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.