കല്ലടിക്കോട്: കരിമ്പ പഞ്ചായത്ത് ആറ്റില വെള്ളച്ചാട്ടത്തിനു താഴെ തരിപ്പപതി മുണ്ടനാട് കരിമല മാവിൻച്ചോടിനുസമീപം തേനെടുക്കാൻ പോയി വനത്തിലെ വെള്ളച്ചാട്ടത്തിൽ വീണ യുവാവിന്റെ മൃതദേഹം കണ്ടെത്തി. അട്ടപ്പാടി കരിവാര ഉന്നതിയിലെ മണികണ്ഠന്റെ (24) മൃതദേഹമാണ് കണ്ടെത്തിയത്.
ഞായറാഴ്ചയാണ് മണികണ്ഠനും എട്ടു സുഹൃത്തുക്കളുംകൂടി വനത്തിൽ തേനെടുക്കാൻ പോയത്. കരിമലയിൽ തമ്പടിച്ച് കാട്ടിലെ ആറ്റിലെ വെള്ളച്ചാട്ടത്തിനു താഴെയുള്ള പാറയിടുക്കിൽ താമസിച്ച് തേനെടുക്കാനുള്ള ശ്രമത്തിലായിരുന്നു ഇവർ. രാത്രി എട്ടരയോടെ മണികണ്ഠൻ വെള്ളത്തിലിറങ്ങാൻ ശ്രമിക്കുമ്പോൾ കാൽ തെന്നി വീഴുകയായിരുന്നുവെന്നാണ് കൂടെ ഉണ്ടായിരുന്നവർ പറയുന്നത്.
തുടർന്ന് ശബ്ദംകേട്ട് കൂടെ ഉണ്ടായിരുന്നവർ ഓടിയെത്തിയെങ്കിലും കണ്ടെത്താനായില്ല. വിവരമറിയിച്ചതിനെ തുടർന്ന് മണ്ണാർക്കാട് നിലയത്തിലെ അഗ്നിരക്ഷാസേന തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് ബുധനാഴ്ച രാവിലെ പാലക്കാടുനിന്ന് സ്കൂബ സംഘം തിരച്ചിൽ നടത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാലക്കാട് ജില്ല ആശുപത്രിയിലേക്കു മാറ്റി.