ചിറ്റൂർ: കുളിക്കാനിറങ്ങിയ യുവാവിനെ കാണാതായ സംഭവത്തിൽ രണ്ടാം ദിവസത്തെ തിരച്ചിലിൽ മൃതദേഹം കണ്ടെടുത്തു.
വടകരപ്പതി ഒഴലപ്പതി സ്വദേശി പരേതനായ മാരിയപ്പന്റെ മകൻ എം. മണികണ്ഠനെ (32) ആണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. സുഹൃത്തുക്കളുമൊത്ത് കിണർപ്പള്ളം കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരുന്നു.
ഏറെസമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് കൊഴിഞ്ഞാമ്പാറ പൊലീസിനെയും ചിറ്റൂർ അഗ്നിരക്ഷാ സേനയെയും വിവരമറിയിക്കുകയായിരുന്നു. രണ്ടു മുതൽ ആറു വരെ അഗ്നിരക്ഷാസേന കുളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ബുധനാഴ്ച സീനിയർ ഫയർ ആൻഡ് റെസ്ക്യൂ സംഘം മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
മാതാവ്: പുതിയ കുമാരി. സഹോദരങ്ങൾ: ശക്തി, നാഗരാജ്, ധനലക്ഷ്മി.