തളിപ്പറമ്പ്: കുറുമാത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന തൃച്ചംബരം സ്കൂളിന് സമീപത്തെ കീറ രാമൻ (87) നിര്യാതനായി. മുയ്യം സ്വദേശിയാണ്. മുയ്യത്ത് കർഷക തൊഴിലാളി കുടുംബത്തിൽ ജനിച്ച രാമൻ 10 വർഷം അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിയിലും 1964ൽ പാർട്ടി പിളർന്നപ്പോൾ മുതൽ 20 വർഷം സി.പി.എമ്മിലും പ്രവർത്തിച്ചു. 1977 മുതൽ 1986 വരെ സി.പി.എം തളിപ്പറമ്പ് ഏരിയ സെക്രട്ടറിയായിരുന്നു.
1986ൽ എം.വി. രാഘവൻ സി.എം.പി രൂപവത്കരിച്ചപ്പോൾ മുതൽ 12 വർഷം സി.എം.പിയിലും പ്രവർത്തിച്ചു. സി.എം.പി സംസ്ഥാന കമ്മിറ്റി അംഗമായും കർഷക സംഘടനയുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.ആദ്യകാല നെയ്ത്ത് തൊഴിലാളിയായിരുന്നു. ഭാര്യ: പരേതയായ രതീദേവി. മക്കൾ: രാജേഷ്, രതീഷ് (ബംഗളൂരു). മരുമക്കൾ: ലിജിത രാജേഷ് (തലവിൽ), വിജി (എടാട്ട്).
മൃതദേഹം ശനിയാഴ്ച രാവിലെ 9.30 മുതൽ 10.30 വരെ തളിപ്പറമ്പ് ടൗൺ സ്ക്വയറിലും 12 മണി വരെ തൃച്ചംബരത്തെ വീട്ടിലും പൊതുദർശനത്തിന് വെക്കും. 12ന് ഏഴാം മൈൽ ശ്മശാനത്തിൽ സംസ്കാരം.