വേങ്ങര: സുഹൃത്തിനൊപ്പം കുളിക്കാൻ പോയ യുവാവ് കടലുണ്ടിപ്പുഴയിലെ മഞ്ഞേമാട് കടവിൽ മുങ്ങിമരിച്ചു. മണ്ണാർക്കാട് പൊന്നുംകോട് സ്വദേശിയും ഇപ്പോൾ വലിയോറ ചിനക്കൽ ജുമാമസ്ജിദിനടുത്തുള്ള വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന താഴത്ത് മുബാറക്കിന്റെയും നാലകത്ത് മുബീനയുടെയും മകൻ മുഹമ്മദലിയാണ് (19) മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെ മഞ്ഞാമാട് പാലത്തിനടിയിലായിരുന്നു അപകടം. പുഴയിൽ നീന്തുന്നതിനിടെ മുങ്ങിത്താഴുകയായിരുന്നു. നാട്ടുകാരെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് മലപ്പുറത്തുനിന്നെത്തിയ അഗ്നിരക്ഷാസേനയുടെ സ്കൂബ ടീം 6.45ഓടെ മൃതദേഹം മുങ്ങിയെടുക്കുകയായിരുന്നു. സഹോദരി: അൻസില.