എരുമപ്പെട്ടി: പ്രശസ്ത കഥകളി മദ്ദള ആചാര്യൻ നെല്ലുവായ് സൗപർണികയിൽ കലാമണ്ഡലം നാരായണൻ നായർ (79) നിര്യാതനായി. വാർധക്യസഹജ അസുഖങ്ങളാൽ തൃശൂർ അമല ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ചെറുതുരുത്തി കേരള കലാമണ്ഡലത്തിൽ കഥകളി മദ്ദള വിഭാഗം മേധാവിയായാണ് വിരമിച്ചത്. തിരുവേഗപ്പുറം മലമേൽ രാമൻനായരുടെയും കൊപ്പം രായിനെല്ലൂർ കൊങ്ങശ്ശേരി കണ്ണത്ത് പാറുക്കുട്ടിയമ്മയുടെയും മകനായാണ് ജനനം.
1967 കാലഘട്ടത്തിൽ ഇരിങ്ങാലക്കുട കലാനിലയത്തിലും 1974 വരെ ദർപ്പണയിലും പ്രവർത്തിച്ചിട്ടുണ്ട്. തുടർന്നാണ് കലാമണ്ഡലത്തിൽ ചേർന്നത്. കേരള കലാമണ്ഡലം അവാർഡ്, സംഗീത നാടക അക്കാദമി അവാർഡ്, നിരവധി കഥകളി ക്ലബുകളുടെ അവാർഡുകൾ എന്നിവ കരസ്ഥമാക്കിയ നാരായണൻ നായർ അമേരിക്ക, യൂറോപ്യൻ രാജ്യങ്ങൾ, ജപ്പാൻ, ആസ്ട്രേലിയ, ന്യൂസിലൻഡ് അടക്കം 50ൽപരം വിദേശരാജ്യങ്ങളിൽ തന്റെ കലാപ്രകടനം അവതരിപ്പിച്ചിട്ടുണ്ട്.
കോട്ടക്കൽ വിശ്വംഭരക്ഷേത്രത്തിലെ ഇക്കഴിഞ്ഞ ഉത്സവത്തിനായിരുന്നു അവസാനത്തെ അരങ്ങ്.
ഭാര്യ: ഓട്ടൻതുള്ളൽ കലാകാരിയായിരുന്ന പരേതയായ കലാമണ്ഡലം ദേവകി. മക്കൾ: പ്രസാദ്, പ്രസീദ. മരുമക്കൾ: രാജശേഖരൻ, കലാമണ്ഡലം സംഗീത.