മഞ്ചേരി: സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോഡ്രൈവർ മരിച്ചു. മഞ്ചേരി തുറക്കൽ കാഞ്ഞിരാട്ടുകുന്ന് പൂന്തോട്ടത്തിൽ അബ്ബാസാണ് (50) മരിച്ചത്. കഴിഞ്ഞ മാസം 23ന് വൈകീട്ട് 3.15ന് മഞ്ചേരി-കോഴിക്കോട് റോഡിൽ കെ.എസ്.ഇ.ബി ഓഫിസിനു സമീപമായിരുന്നു അപകടം.
മഞ്ചേരിയിൽനിന്ന് തുറക്കൽ ഭാഗത്തേക്കു പോവുകയായിരുന്ന ഓട്ടോയും കോട്ടക്കലിൽനിന്ന് മഞ്ചേരിയിലേക്കു വരുകയായിരുന്ന ബസും കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോറിക്ഷ പെട്രോൾ പമ്പിലേക്കു പ്രവേശിക്കുന്നതിനിടെയാണ് അപകടം. ഓട്ടോയിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. സാരമായി പരിക്കേറ്റ അബ്ബാസിനെ ആദ്യം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ച രാവിലെയാണ് മരിച്ചത്. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി ഞായറാഴ്ച വട്ടപ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
ഭാര്യ: സൈനബ. മക്കൾ: മുഹമ്മദ് ആഷിഖ്, അഫ്ന, അൻഷിദ, ഫവാസ്, ഹാസിഫ്.