കാഞ്ഞിരപ്പുഴ: ജമ്മു-കശ്മീരിലെ ഗുൽമർഗിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞിരപ്പുഴ വർമംകോട് കരുവാൻതൊടി അബ്ദുസ്സമദ് -ഹസീന ദമ്പതികളുടെ മകൻ മുഹമ്മദ് ഷാനിബാണ് (28) മരിച്ചത്. പുൽവാമ വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ദേഹത്ത് മൃഗങ്ങള്‍ ആക്രമിച്ചതിന്റെ പരിക്കുകളുണ്ടെന്ന് ഗുൽമർഗ് പൊലീസ് അറിയിച്ചു. മൃതദേഹത്തിന് ഏകദേശം പത്ത് ദിവസത്തെ പഴക്കമുണ്ട്. ഷാനിബ് ബംഗളൂരുവിലെ സഹോദരിയുടെ വീട്ടിൽ താമസിച്ച് വയറിങ് ജോലി ചെയ്യുകയായിരുന്നു.
കഴിഞ്ഞമാസം 13നാണ് ബംഗളൂരുവിലേക്ക് പോയത്. 19 വരെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ, കശ്മീരിലേക്ക് പോകുന്ന കാര്യം അറിയിച്ചിരുന്നില്ല. ദുബൈയിലുള്ള പിതാവ് നാട്ടിലെത്തിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാൻ ശ്രമിക്കും.
അവിവാഹിതനാണ്. സഹോദരങ്ങൾ: ഷിഫാന, ബാബു.