മേലാറ്റൂർ: വാഹനാപകടത്തിൽ മരിച്ച സുഹൃത്തിനെ അനുസ്മരിച്ച് അനുശോചന യോഗത്തിൽ സംസാരിക്കുന്നതിനിടെ റിട്ട. അധ്യാപകൻ കുഴഞ്ഞുവീണ് മരിച്ചു. വെള്ളിയഞ്ചേരി ചേരിപ്പറമ്പിലെ എളംപുലാവിൽ സൈനുദ്ദീനാണ് (64) മരിച്ചത്. എടത്തനാട്ടുകര ടി.എ.എം.യു.പി സ്കൂൾ റിട്ട. അധ്യാപകനാണ്. ബുധനാഴ്ച രാവിലെ 7.10നാണ് സംഭവം. ഉറ്റസുഹൃത്ത് മണ്ണാർക്കാട് കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂൾ റിട്ട. പ്രിൻസിപ്പലായിരുന്ന ചേരിപ്പറമ്പിലെ താഴത്തെപീടിക മുഹമ്മദ് റഫീഖാണ് (60) കഴിഞ്ഞ ശനിയാഴ്ച തൃക്കലങ്ങോട് മരത്താണിയിൽ സ്വകാര്യബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്. പ്രഭാത സവാരി, മെക് -7 വ്യായാമ കൂട്ടായ്മ എന്നിവയിലും ഇരുവരും ഒരുമിച്ചാണ് പങ്കെടുത്തിരുന്നത്. മുഹമ്മദ് റഫീഖിന്റെ മരണശേഷം സൈനുദ്ദീൻ വളരെ വിഷമത്തിലായിരുന്നു. നിർത്തിവെച്ച ചേരിപ്പറമ്പിലെ മെക് -7 വ്യായാമം ബുധനാഴ്ചയാണ് പുനരാരംഭിച്ചത്. ഇതിനുശേഷം നടന്ന അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്ന സൈനുദ്ദീൻ കുഴഞ്ഞുവീഴുകയായിരുന്നു. ഉടനെ സമീപത്തെ സ്വകാര്യ ആശുപ്രതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മയ്യിത്ത് ചേരിപ്പറമ്പ് മഹല്ല് ഖബർസ്ഥാനിൽ ഖബറടക്കി.
ഭാര്യ: ജുവൈരിയ്യ. മക്കൾ: അഫീഫ് (മേലാറ്റൂർ ആർ.എം.എച്ച്.എസ്.എസ് അധ്യാപകൻ), അഫീഫ (പൂപ്പലം എ.യു.പി.എസ് അധ്യാപിക). മരുമക്കൾ: ഹംന (മേലാറ്റൂർ ആർ.എം.എച്ച്.എസ്.എസ് അധ്യാപിക), റാസിം (ഫാർമസിസ്റ്റ്).