മാള: വാഹനാപകടത്തിൽ പരിക്കേറ്റയാൾ കുഴഞ്ഞുവീണ് മരിച്ചു. മാള കനകക്കുന്ന് ആലങ്ങാട്ടുകാരൻ ഉമറിന്റെ മകൻ നസീർ (57) ആണ് മരിച്ചത്. മാള-കൊടകര റോഡിൽ വടമയിൽ ചൊവ്വാഴ്ച ഉച്ചക്കാണ് അപകടം.
ചാലക്കുടിയിലേക്ക് പോവുകയായിരുന്ന നസീർ സഞ്ചരിച്ച ബൈക്കും എതിർദിശയിൽ നിന്നെത്തിയ കാറും കൂട്ടിയിടിക്കുകയായിരുന്നു. കാലിനും കൈക്കും പരിക്കേറ്റ നസീറിനെ അപകടം നടന്ന ഉടൻ നാട്ടുകാർ മാളയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.
പ്രാഥമിക ചികിത്സക്കു ശേഷം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകാനായി ആംബുലൻസിൽ കയറ്റിയ ഉടനെ അസ്വസ്ഥത പ്രകടിപ്പിക്കുകയും പുറത്തിറക്കി അല്പസമയത്തിനുശേഷം മരിക്കുകയുമായിരുന്നു.
മാളയിൽ ഫാൻസി സ്റ്റോർ ഉടമയാണ്. മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.
ഭാര്യ: അജീന (മാമ്പ്ര). മക്കൾ: ആസിഫ് (ഖത്തർ), സുമയ്യ. മരുമക്കൾ: നിസാർ, ഫർഹ. ഖബറടക്കം ബുധനാഴ്ച മാള ജുമാമസ്ജിദ് ഖബർസ്ഥാനിൽ.