ചാലക്കുടി: ചാലക്കുടി റെയിൽവേ പാലത്തിൽനിന്ന് പുഴയിലേക്കു ചാടിയ അധ്യാപിക മരിച്ചു. ചാലക്കുടി തുരുത്തിപറമ്പ് ഉപ്പത്തിപറമ്പിൽ സുബ്രന്റെ മകൾ സിന്തോൾ (42) ആണ് മരിച്ചത്.
ബുധനാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് സംഭവം. ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയാണ്. ബുധനാഴ്ച വൈകീട്ട് ക്ലാസ് കഴിഞ്ഞ് നിലമ്പൂർ-കോട്ടയം പാസഞ്ചറിൽ ചെറുതുരുത്തിയിൽനിന്ന് ചാലക്കുടിയിലേക്കു വരുമ്പോഴാണ് സംഭവം. ചാലക്കുടി സ്റ്റേഷനിൽ ഇറങ്ങാതെ ചാലക്കുടി പാലമെത്തിയപ്പോൾ ബാഗുമായി ഇവർ പുഴയിലേക്കു ചാടുകയായിരുന്നു. പാലത്തിൽ ആളുകൾക്ക് കയറിനിൽക്കാവുന്ന കാബിനിൽ തട്ടി പുഴയിലേക്കു വീഴുന്നത് മറ്റു യാത്രക്കാർ കണ്ടിരുന്നു. യാത്രക്കാർ വിളിച്ചറിയിച്ചതിനെ തുടർന്ന് ചാലക്കുടി അഗ്നിരക്ഷാസേനയും പൊലീസും എത്തി പുഴയിൽ തിരച്ചിൽ നടത്തി.
കണ്ണമ്പുഴ ക്ഷേത്രക്കടവിനു സമീപം മൃതദേഹം പിന്നീട് കണ്ടെത്തി. സിന്തോൾ കോഴിക്കോട് സ്കൂളിൽനിന്ന് സ്ഥലംമാറ്റം കിട്ടി ചെറുതുരുത്തി സ്കൂളിൽ ജോലിയിൽ ചേർന്നിട്ട് മൂന്നു ദിവസമായിട്ടേയുള്ളൂ. പന്തളം സ്വദേശിയായ ജയപ്രകാശാണ് ഭർത്താവ്. മാതാവ്: തങ്ക.