വെങ്കിടങ്ങ്: അനുസ്മരണ ചടങ്ങിൽ പ്രസംഗിക്കുന്നതിനിടെ സി.പി.ഐ നേതാവ് കുഴഞ്ഞുവീണ് മരിച്ചു. സി.പി.ഐ മണലൂർ മണ്ഡലം കമ്മിറ്റി അംഗവും വെങ്കിടങ്ങ് ഫാർമേഴ്സ് ബാങ്ക് വൈസ് പ്രസിഡൻറുമായ തൊയക്കാവ് വടക്കൻ വീട്ടിൽ സക്കറിയാസ് എന്ന സണ്ണി വടക്കനാണ് (75) മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് മൂന്നിന് വെങ്കിടങ്ങ് സെന്ററിൽ വെങ്കിടങ്ങ് പഞ്ചായത്ത് ഭരണസമിതി അംഗമായിരുന്ന സി.പി.എം നേതാവ് പി.കെ. പിതാംബരന്റെ അനുസ്മരണ ചടങ്ങിൽ സംസാരിക്കവേയാണ് കുഴഞ്ഞുവീണത്. അമല ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 20 വർഷം വെങ്കിടങ്ങ് ഗ്രാമപഞ്ചായത്ത് അംഗമായും വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: എലിസബത്ത്. മകൻ: ഷൈൻ. വിവരമറിഞ്ഞ് സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.എൻ. ജയദേവൻ, ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ പി.കെ. കൃഷ്ണൻ, എൻ.കെ. സുബ്രഹ്മണ്യൻ, സി.പി.എം ഏരിയ സെക്രട്ടറി പി.എ. രമേശൻ എന്നിവർ വസതിയിലെത്തി. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് 4.30ന് തൊയക്കാവ് തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.