പത്തിരിപ്പാല: മങ്കര റെയിൽവേ സ്റ്റേഷനു സമീപം റെയിൽവേ ട്രാക്കിൽ സിവിൽ പൊലീസ് ഓഫിസർ ട്രെയിനിയെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. തിങ്കളാഴ്ച രാത്രി എട്ടോടെ ആയിരുന്നു സംഭവം. പാലക്കാട് മുട്ടിക്കുളങ്ങര കെ.എ.പി 2 ബറ്റാലിയനിലെ സിവിൽ പൊലീസ് ഓഫിസർ ട്രെയിനി അഭിജിത്തിനെയാണ് (29) മരിച്ചനിലയിൽ കണ്ടെത്തിയത്.
തൃശൂർ വിയ്യൂർ പതുക്കാട് കെ.എസ്. രാമചന്ദ്രന്റെ മകനാണ്. ജൂൺ ഒന്നാം തീയതി ട്രെയിനിങ്ങിൽ ചേർന്ന അഭിജിത്ത് തിങ്കളാഴ്ച പി.എസ്.സി പരീക്ഷ എഴുതുന്നതിനായി തൃശൂരിലേക്ക് പോയിരുന്നു.
യാത്രയുടെ ഭാഗമായി സ്വവസതിയിലും പോയശേഷമാണ് പാലക്കാട്ടേക്ക് മടങ്ങിയത്. തൃശൂരിൽനിന്ന് ട്രെയിനിൽ കയറിയ അഭിജിത്ത് മങ്കര സ്റ്റേഷനിൽ ഇറങ്ങുകയും പുഴയിൽ കുളിക്കുകയും ചെയ്തതായി പറയുന്നു. തുടർന്ന് 8.40ഓടെ ഇതുവഴി പാലക്കാട് ഭാഗത്തേക്ക് കടന്നുപോയ മങ്കര റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് ഇല്ലാത്ത എക്സ്പ്രസ് ട്രെയിനിനു മുന്നിൽപെടുകയായിരുന്നു. തുടർന്ന് അപകടം ശ്രദ്ധയിൽപെട്ട ലോക്കോ പൈലറ്റ് പറളി റെയിൽവേ സ്റ്റേഷനിലും തുടർന്ന് മങ്കര പൊലീസിലും അറിയിക്കുകയായിരുന്നു. മങ്കര പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. നിമിയാണ് അഭിജിത്തിന്റ അമ്മ.