കേച്ചേരി: സംസ്ഥാനപാതയിലെ ചൂണ്ടൽ പാറന്നൂരിൽ ദീർഘദൂര സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. ചൂണ്ടൽ മേലേക്കാവ് പൊന്നരാശ്ശേരി കുമാരന്റെ മകൻ മനോജാണ് (55) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയായിരുന്നു അപകടം.
പാറന്നൂർ പാടത്തെ പെട്രോൾ പമ്പിലേക്ക് ബൈക്ക് തിരിക്കുന്നതിനിടെയാണ് തൃശൂരിൽനിന്ന് കുറ്റിപ്പുറത്തേക്ക് പോയിരുന്ന ധീരജ് ബസ് ബൈക്കിന് ഇടിക്കുകയായിരുന്നു.
റോഡിലേക്ക് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ മധ്യവയസ്കനെ പെട്രോൾ പമ്പ് ജീവനക്കാരും കേച്ചേരി ആക്ട്സ് പ്രവർത്തകരും ചേർന്ന് മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബുധനാഴ്ച വിട്ടുകൊടുക്കും. കുന്നംകുളം പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ: ലത. മക്കൾ: ആതിര, ആദർശ, ആരതി.