വടക്കേക്കാട്: നാലര പതിറ്റാണ്ടിലേറെ കാലം വാദ്യരംഗത്ത് നിറഞ്ഞുനിന്ന മദ്ദളം കലാകാരൻ കല്ലൂർ ബാലകൃഷ്ണൻ (62) നിര്യാതനായി. കടവല്ലൂർ ഗവ. ഹൈസ്കൂൾ പഞ്ചവാദ്യ പഠന കളരിയിലും കടവനാട്, തോന്നല്ലൂർ, എളവള്ളി എന്നിവിടങ്ങളിലെ പഞ്ചവാദ്യ സംഘങ്ങളിലും മദ്ദളം ആശാനായിരുന്നു.
മികച്ച വാദ്യകലാകാരനുള്ള കേന്ദ്ര അംബേദ്കർ സ്മാരക പുരസ്കാരം ലഭിച്ചിട്ടുണ്ട്. ആകാശവാണിയിലും ദൂരദർശനിലും സ്ഥിരമായി കേളി അവതരിപ്പിച്ചിരുന്നു. തിച്ചൂർ വാസുവാര്യർ, കലാമണ്ഡലം ശിവരാമൻ, കടവല്ലൂർ താമി ആശാൻ എന്നിവരാണ് മദ്ദളത്തിലെ ഗുരുക്കൻമാർ. കല്ലൂർ ബ്രദേഴ്സ് വാദ്യസംഘത്തിന് രൂപം നൽകിയ കലാകാരനുമായിരുന്നു.
മേളപ്രാമാണികനായിരുന്ന പരേതനായ കല്ലൂർ ശങ്കരൻ-അമ്മു ദമ്പതികളുടെ മകനാണ്. ഭാര്യ: അനിത. മക്കൾ: അഖിൽ ബാലകൃഷ്ണൻ (ജിയോ ജിത്ത്, ഗുരുവായൂർ), കലാമണ്ഡലം നിഖിൽ ബാലകൃഷ്ണൻ (ചെണ്ട അധ്യാപകൻ, ആർ.എൽ.വി തൃപ്പൂണിത്തുറ), അമൃത.
സഹോദരങ്ങൾ: ബാലചന്ദ്രൻ (തിമില കലാകാരൻ), കല്ലൂർ ഉണ്ണികൃഷ്ണൻ (മാതൃഭൂമി ലേഖകൻ, ഗുരുവായൂർ), കല്ലൂർ ബാബു (ഇലത്താളം കലാകാരൻ), ജയരാജൻ, സുരേഷ് കുമാർ (രണ്ടു പേരും ചെണ്ട കലാകാരൻമാർ). സംസ്കാരം ശനിയാഴ്ച രണ്ടുമണിക്ക് വീട്ടുവളപ്പിൽ.