കയ്പമംഗലം: എടതിരിഞ്ഞി കോതറ പാലത്തിനടുത്ത് കനാലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കയ്പമംഗലം ചളിങ്ങാട് സ്വദേശി തോട്ട്പറമ്പത്ത് ഷാനവാസാണ് (23) മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് കാണാതായത്. വെള്ളിയാഴ്ച്ച രാവിലെ നടന്ന തിരച്ചിലിൽ പെരിഞ്ഞനം കോവിലകത്ത് കനോലി കനാലിൽ നിന്നാണ് ഫയർ ഫോഴ്സ് സ്കൂബാ ടീം മൃതദേഹം കണ്ടെത്തിയത്. തോട്ടുങ്ങൽ ക്ഷേത്രത്തിന് സമീപം കനാലിൽ തടഞ്ഞുനിൽക്കുന്ന നിലയിലായിരുന്നു മൃതദേഹം. രണ്ട് ദിവസങ്ങളിലായി എൻ.ഡി.ആർ.എഫ് ടീമും ഫയർഫോഴ്സ് സ്കൂബാ ടീമും നാട്ടുകാരും ഡിങ്കി ബോട്ടുകളും നാടൻ വഞ്ചികളും ഉപയോഗിച്ച് മണിക്കൂറുകളാണ് തിരച്ചിൽ നടത്തിയത്. മാതാവ്: മുംതാസ്. സഹോദരൻ: ഷഹബാസ്.