തൃശൂർ: മുതിർന്ന മാധ്യമ പ്രവർത്തകനും മൂന്ന് പതിറ്റാണ്ടിലേറെ തൃശൂർ മാതൃഭൂമിയിൽ ലേഖകനുമായിരുന്ന വടൂക്കര അത്താണിക്കൽ എ.കെ. വിജയൻ (88) നിര്യാതനായി. കൂർക്കഞ്ചേരി വടൂക്കരയിലെ വസതിയിലായിരുന്നു മരണം. മാതൃഭൂമിയുടെ തൃശൂരിലെ മുഖമായിരുന്നു എ.കെ.വി എന്ന ചുരുക്കപ്പേരിലറിയപ്പെട്ടിരുന്ന അദ്ദേഹം.
1973ലെ അഴീക്കോടൻ വധവും കോടതി വിചാരണയും ശിക്ഷാവിധിയും 1979ലെ ഏഴുപേരുടെ മരണത്തിനിടയാക്കിയ തൃശൂർ പൂരം വെടിക്കെട്ടപകടം, പി.ടി. ചാക്കോയുടെ വിവാദ പീച്ചി യാത്രയും ആഭ്യന്തരമന്ത്രിയുടെ രാജിയും, 25 പേരുടെ മരണത്തിനിടയാക്കിയ പുഴയ്ക്കൽ ബസപകടം തുടങ്ങി നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
തൃശൂർ പ്രസ് ക്ലബ് പ്രസിഡന്റ്, സെക്രട്ടറി, നാലുതവണ പത്രപ്രവർത്തക യൂനിയൻ സംസ്ഥാന നിർവാഹക സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. തൃശൂർ നഗരത്തിലെ പല വികസന പ്രവർത്തനങ്ങൾക്കും തുടക്കമിട്ടത് അദ്ദേഹത്തിന്റെ എഴുത്തിലൂടെയാണ്.
1969ലാണ് മാതൃഭൂമിയിൽ പാർട്ട് ടൈം കറസ്പോണ്ടന്റായി ജോലിയിൽ പ്രവേശിക്കുന്നത്. 2000ത്തിൽ സീനിയർ റിപ്പോർട്ടറായാണ് വിരമിച്ചത്. പരേതരായ പാമ്പൂർ അത്താണിക്കൽ കൊച്ചുണ്ണിയുടേയും വടൂക്കര കുഞ്ഞിപ്പെണ്ണിന്റെയും മകനാണ്.
ഭാര്യ: കോമളം. മക്കൾ: മൈത്രി (മാതൃഭൂമി, തൃശൂർ), ജൈത്രി, ഭവ്യ (സാമൂഹ്യ ക്ഷേമ വകുപ്പ്, മട്ടാഞ്ചേരി). മരുമക്കൾ: ജയദേവൻ (റിട്ട. യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്), പരേതനായ ദിനേശൻ, സാബു.