പത്തിരിപ്പാല: ലക്കിടി പാലത്തിൽനിന്ന് ഭാരതപ്പുഴയിൽ ചാടിയയാളുടെ മൃതദേഹം കണ്ടെത്തി. ഒലവക്കോട് പഴയകാലിക്കറ്റ് റോഡിൽ താമസിക്കുന്ന നാസറിന്റെ (43) മൃതദേഹം വെള്ളിയാഴ്ച രാവിലെ 11ഓടെ തിരൂർ തിരുനാവായപുഴയിലാണ് കണ്ടെത്തിയത്. തിരുനാവായ ബന്ദർ കടവിനു സമീപം ഭാരതപ്പുഴയിലെ പുൽക്കാട്ടിൽ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം.
ബുധനാഴ്ച പുലർച്ചെയാണ് ഇയാൾ പുഴയിൽ ചാടിയത്. തിരുനാവായ പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് ബന്ധുക്കളെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. രണ്ടു വർഷമായി നാസർ മങ്കര താവളത്തെ വാടക വീടെടുത്തായിരുന്നു കുടുംബസമേതം താമസം.
അടുത്ത കാലം വരെ ഒറ്റപ്പാലത്ത് സ്വകാര്യ സ്ഥാപനത്തിലെ ജോലി നോക്കിയിരുന്നു. ദുബൈയിലേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. വീട്ടുകാരുമായി പിണങ്ങി ബുധനാഴ്ച പുലർച്ചെ മങ്കരയിൽനിന്ന് വീടുവിട്ടിറങ്ങുകയായിരുന്നു.
വീട്ടുകാരുടെ പരാതിയിൽ മങ്കര പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ലക്കിടി പാലത്തിനു മുകളിൽ സ്കൂട്ടറും മഴക്കോട്ടും ചെരിപ്പുകളും കണ്ടത്. തുടർന്ന് ബന്ധുക്കളെത്തി വാഹനം നാസറിന്റേതാണെന്ന് ഉറപ്പാക്കി. ഷൊർണൂരിൽനിന്ന് അഗ്നിരക്ഷാസേനാംഗങ്ങൾ എത്തി വൈകീട്ടുവരെ പുഴയിൽ തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല.
ഭാര്യ: ഹബീബ. മക്കൾ: ഫാത്തിമ, അത്തീഫ് സയാൻ. സഹോദരൻ: ഹക്കീം.