മണ്ണാർക്കാട്: അധ്യാപകനെ ഗോവണിപ്പടിയിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തി. മണ്ണാർക്കാട് എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായ ഇടുക്കി കല്ലാർ എഴുപത്തിഒന്നാം ബ്ലോക്കിലെ കുമാരപ്പിള്ളയുടെ മകൻ കെ. ഷിബുവിനെയാണ് (52) മരിച്ചനിലയിൽ കണ്ടെത്തിയത്.
കുമരംപുത്തൂർ ചുങ്കത്ത് ഷോപ്പിങ് കോംപ്ലക്സിന്റെ മുകളിലുള്ള മുറിയിലാണ് വാടകക്ക് തനിച്ച് താമസിച്ചിരുന്നത്. കെട്ടിടത്തിലെ ഷോപ് ജീവനക്കാർ രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് മുകളിലേക്കുള്ള ഗോവണിപ്പടിയിൽ വീണുകിടക്കുന്ന നിലയിൽ അധ്യാപകനെ കണ്ടത്. തലയിടിച്ച് രക്തം വാർന്ന നിലയിലായിരുന്നു. പൊലീസ് മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചിരുന്നു.
മൃതദേഹം പാലക്കാട് ജില്ല ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മാതാവ്: ലളിതാമ്മ. ഭാര്യ: രേഖ. മകൾ: ശ്രീലക്ഷ്മി (ബി.ഡി.എസ് ഒന്നാം വർഷ വിദ്യാർഥിനി). സഹോദരങ്ങൾ: ബാബു, മോഹനൻ, രാജൻ, തുളസി, ഉഷ, ഷീജ.