പരപ്പനങ്ങാടി/കൊടുങ്ങല്ലൂർ: പരപ്പനങ്ങാടി പാലത്തിങ്ങൽ ന്യൂകട്ട് പുഴയിൽ കുളിക്കാനിങ്ങി ഒഴുക്കിൽപെട്ട വിദ്യാർഥിയുടെ മൃതദേഹം ദിവസങ്ങൾക്കുശേഷം തൃശൂർ അഴീക്കോട് തീരത്തുനിന്ന് കണ്ടെത്തി. വിനോദസഞ്ചാര കേന്ദ്രമായ ന്യൂകട്ടിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയാണ് താനൂർ എടക്കടപ്പുറം വെമ്പാലം പറമ്പ് കമ്മാക്കാരന്റെ പുരക്കൽ ജുറൈജ് (17) ഒഴുക്കിൽപെട്ടത്.
കഴിഞ്ഞ ബുധനാഴ്ച ഉച്ചക്കാണ് കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങിയത്. അഴീക്കോട് തീരത്ത് മത്സ്യത്തൊഴിലാളികളാണ് മീൻപിടിത്തത്തിനിടെ രാവിലെ ജഡം കണ്ടെത്തിയത്. ഇവർ കോസ്റ്റ് ഗാർഡ് അധികൃതർക്ക് വിവരം നൽകി. സംശയത്തെ തുടർന്ന് താനൂരിൽനിന്ന് ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
കൊടുങ്ങല്ലൂർ ഗവ. ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടം ചെയ്തു. ജുറൈദിന്റെ പിതാവ്: ഷാജഹാൻ. മാതാവ്: നിഷബി. സഹോദരങ്ങൾ: യൂനുസ്, റഫീക്ക്, ഹഫ്സത്ത്.