മങ്കട: തെരുവുനായ് കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോമറിഞ്ഞ് ഡ്രൈവർ മരിച്ചു. വെള്ളില യു.കെ പടി സ്വദേശി കടുക്കുന്നൻ നൗഫൽ (43) ആണ് മരിച്ചത്. മങ്കട കർക്കിടകത്ത് ഞായറാഴ്ച രാവിലെ 10നാണ് സംഭവം.
യു.കെ പടിയിൽനിന്നും സ്വന്തം ഓട്ടോയിൽ പനങ്ങാങ്ങരയിലേക്ക് യാത്രക്കാരുമായി ട്രിപ്പ് പോകുന്നതിനിടെ കർക്കിടകം അങ്ങാടിക്കുസമീപം നായ് റോഡിനുകുറുകെ ഓടിയതിനെ തുടർന്ന് പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ ഓട്ടോ മറിയുകയായിരുന്നു. ഒരാൾ ഓടിക്കാൻ ശ്രമിച്ചപ്പോൾ നായ് റോഡിലേക്ക് പെട്ടെന്ന് ഓടുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്. അപകടത്തിൽപ്പെട്ട ഡ്രൈവറെ മഞ്ചേരി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരിച്ചു.
ഓട്ടോയിലുണ്ടായിരുന്ന യുവതിയും കുട്ടികളും നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു. പിതാവ്: പരേതനായ അബ്ദുറഹ്മാൻ എന്ന കുഞ്ഞു. മാതാവ്: ഉമ്മുസൽമ. ഭാര്യ: മുംതാസ് അവ് ലൻ (ചോഴിപ്പടി). മക്കൾ: മുസ്തഫ, നിഹാൽ.