ഒറ്റപ്പാലം: ഓട്ടോറിക്ഷയും മിനിലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡയാലിസിസ് രോഗി മരിച്ചു. ഓട്ടോയിൽ സഞ്ചരിച്ച മായന്നൂർ പൂളക്കൽ വീട്ടിൽ പത്മാവതി (64) ആണ് മരിച്ചത്. വാണിയംകുളത്ത് ഞായറാഴ്ച അർധരാത്രിയാണ് അപകടം. വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഡയാലിസിസ് പൂർത്തിയാക്കി മായന്നൂരിലെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. തമിഴ്നാട് രജിസ്ട്രേഷനുള്ള ലോറിയാണ് ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ പത്മാവതിയെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച പുലർച്ചെ മരിച്ചു. പത്മാവതിക്കൊപ്പം ഓട്ടോയിലുണ്ടായിരുന്ന മക്കളായ പ്രസീജ, ജിഷ, മരുമകൻ അയ്യപ്പദാസ് എന്നിവർക്കും പരിക്കേറ്റു.