എടപ്പാൾ: കവിയും ഭക്തിപ്രഭാഷകനുമായ ഏരുവപ്ര വടക്കത്ത് വളപ്പിൽ ശങ്കുണ്ണി നായർ എന്ന വട്ടംകുളം ശങ്കുണ്ണി മാഷ് (89) നിര്യാതനായി. പോക്കറ്റ് രാമായണം അടക്കം എട്ടോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. രാമായണ കഥകളെ ആസ്പദമാക്കി നിരവധി കവിത സമാഹാരങ്ങളും രചിച്ചിട്ടുണ്ട്.
രാമായണ യാത്ര, രാമായണ മുത്തുകള്‍, ആറിന് വഴി, ഒരു പോക്കറ്റു രാമായണം, കേരള ഫോക് ലോര്‍ അക്കാദമി പ്രസിദ്ധീകരിച്ച നാടോടി രാമായണം, രാമായണ കഥകള്‍ എന്നിവ ശങ്കുണ്ണി മാഷിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗീതാപരിഭാഷയായ സാധാരണക്കാരന്റെ ‘ഭഗവദ്ഗീത’ പുസ്തകം വളരെയധികം പ്രചാരം നേടിയിട്ടുണ്ട്.
ചെണ്ട (കുട്ടിക്കവിതകള്‍), കുറ്റിപ്പുറം പാലത്തിന് മുമ്പില്‍ (കവിതകള്‍), വലുപ്പത്തിന്റെ ചെറുപ്പം (കവിതകള്‍) എന്നിവയാണ് മറ്റു പുസ്തകങ്ങള്‍. ദീർഘകാലമായി തപസ്യ എടപ്പാൾ യൂനിറ്റ് പ്രസിഡൻറാണ്. മഹാകവി അക്കിത്തത്തിനും കവി കുഞ്ഞുണ്ണി മാഷിനും ഏറെ പ്രിയപ്പെട്ടവനായിരുന്നു.
കാല്‍നൂറ്റാണ്ടിലേറെക്കാലമായി കര്‍ക്കടക മാസത്തിൽ കാടാമ്പുഴ ഭഗവതിക്ഷേത്രം, കുളങ്കര ശ്രീഭഗവതി ക്ഷേത്രം, ഉദിയന്നൂര്‍ അയ്യപ്പക്ഷേത്രം എന്നിവിടങ്ങളില്‍ രാമായണപാരായണവും ഭക്തിപ്രഭാഷണങ്ങളും നടത്തിയിരുന്നു.
മക്കൾ: പ്രിയ (അധ്യാപിക, ജി.ജെ.ബി.എസ് വട്ടംകുളം), രഞ്ജിത്ത്. മരുമക്കൾ: ഹരിഗോവിന്ദൻ, ദിവ്യ.